ചരിത്രം

സാമൂഹ്യ സാംസ്ക്കാരിക ചരിത്രം പഴയകാല മലബാര്‍ ജില്ലയിലെ ആദ്യകാല പഞ്ചായത്തുകളിലൊന്നാണ് താമരശ്ശേരി. കൂറ്റന്‍ മലനിരകളുടെ താഴ്വര പ്രദേശമാകയാല്‍ ‘താഴ്മലച്ചേരി’ എന്ന പഴയ പേര് കാലാന്തരത്തില്‍ ലോപിച്ച് താമരശ്ശേരിയായതാണെന്ന് കരുതപ്പെടുന്നു. പഞ്ചായത്തിലെ കുന്നുകളും മലകളും നിറഞ്ഞ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍, അര നൂറ്റാണ്ട് മുമ്പ് വന്യമൃഗങ്ങള്‍ യഥേഷ്ടം വിഹരിച്ചിരുന്ന വന്‍കാടുകളായിരുന്നു. കേരളപ്പിറവിക്കു മുമ്പുതന്നെ, പഴയ തിരുവിതാംകൂറില്‍ നിന്നും എത്തിയ കുടിയേറ്റക്കാരാണ് കാടുകള്‍ വെട്ടി നാടുകളാക്കി മാറ്റിയത്. വടക്കന്‍ പ്രദേശങ്ങളിലൊന്നായ കട്ടിപ്പാറയില്‍ അരനൂറ്റാണ്ടു മുമ്പു തന്നെ എത്തിച്ചേര്‍ന്ന കുടിയേറ്റക്കാര്‍ കാട്ടില്‍ അന്തിയുറങ്ങാന്‍ കട്ടിലായി ഉപയോഗിച്ചിരുന്നത് വിശാലമായ ഒരു പാറയായിരുന്നു. ഈ കട്ടില്‍പ്പാറ കാലക്രമത്തില്‍ ലോപിച്ച് കട്ടിപ്പാറയായതാണെന്ന് പറയപ്പെടുന്നു. ഈ പാറ ഇപ്പോഴും ഇവിടെ കാണാം. 1879-ല്‍ ഫെര്‍ഗുസണ്‍ സായിപ്പ് റബ്ബര്‍ തൈകള്‍ നട്ട് റബര്‍ പ്ളാന്റേഷന് തുടക്കം കുറിച്ചു. കേരളത്തിലെ ആദ്യത്തെ ഈ റബ്ബര്‍ എസ്റ്റേറ്റാണ് പില്‍ക്കാലത്ത് എ.വി.തോമസ് ആന്റ് കമ്പനിയുടെ ഉടമസ്ഥതയിലായ കല്‍പ്പറ്റ എസ്റ്റേറ്റ്സ്. വിശാലമായ ഈ എസ്റ്റേറ്റിലെ ഒരു ഭാഗത്തെ റബ്ബര്‍ മരങ്ങള്‍ വെട്ടി ഒഴിച്ചെടുത്ത സ്ഥലമാണ് വെട്ടി ഒഴിഞ്ഞ തോട്ടമെന്ന് അറിയപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ച് വീരമൃത്യു വരിച്ച പഴശ്ശിരാജയുടെ കോട്ടയം രാജവംശത്തിലേക്ക് ചേര്‍ന്നതായിരുന്നു ഈ പഞ്ചായത്തിലെ ഭൂസ്വത്തുക്കളധികവും. രാജകുടുംബത്തിന്റെ പരദേവതയായ ശ്രീപേര്‍ക്കലിയാണ് കോട്ടയില്‍ കോവിലകം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രത്തിലെ പാട്ടുത്സവം നാടിന്റെ ഉത്സവമായിരുന്നു. വടക്കന്‍പാട്ടിലെ വീരനായകന്‍ തച്ചോളി ഒതേനന്റെ ഉറ്റതോഴന്‍ പയ്യംപളളി ചന്തു ചതിയില്‍ വെടിയേറ്റു മരിച്ചത് ഇവിടെ വച്ചാണത്ര. അദ്ദേഹത്തെ ആദരപൂര്‍വ്വം സ്മരിച്ചുകൊണ്ടാണ് ക്ഷേത്രത്തിലെ പാട്ടുത്സവം ആരംഭിക്കുന്നത്. പഴയ ജന്‍മിമാരായിരുന്ന ബ്രാഹ്മണരില്‍ പലരും കഥകളിയിലും സംഗീതത്തിലും പ്രാവീണ്യം നേടിയിരുന്നു. പള്ളിപ്പുറം ഇല്ലത്തെ ജയന്തന്‍ നമ്പൂതിരി പ്രശസ്ത കഥകളിപ്പാട്ടുകാരനും, എന്‍.മാധവന്‍ നമ്പീശന്‍, പി.രാമന്‍ നമ്പൂതിരി എന്നിവര്‍ സംഗീത വിദഗ്ദ്ധരുമായിരുന്നു. ജാതിമതവ്യത്യാസമില്ലാതെ പൊറാട്ടു നാടകങ്ങളും വെള്ളരി നാടകങ്ങളും ധാരാളമായി അരങ്ങേറിയിരുന്നു. ആദ്യകാല നാടകപ്രവര്‍ത്തകരില്‍ പ്രഥമഗണനീയരാണ് കോരങ്ങാട് ഗോപാലന്‍ നായരും, ഉണ്ണിപ്പെരു ആശാനും, തട്ടാന്‍ കുട്ടനാശാനും. വേനല്‍ക്കാലമായാല്‍ കാവുകളില്‍ തിറ കെട്ടിയാട്ടം ധാരാളമായി നടന്നിരുന്നു. ഇതിനോടനുബന്ധിച്ച് അഞ്ചടി, തോറ്റംപാട്ട്, വട്ടക്കളി മുതലായവയും അവതരിപ്പിച്ചിരുന്നു. ഹൈന്ദവഗൃഹങ്ങളില്‍ ഗര്‍ഭിണികളുടെ ദേഹരക്ഷയ്ക്കും സുഖപ്രസവത്തിനുമായി പെരിക്കളയും (ബലിക്കളം), തെയ്യാട്ടും നടത്തിയിരുന്നു. പാണ സമുദായത്തില്‍പ്പെട്ടവര്‍ നടത്തിയിരുന്ന ഈ ആചാരകലകളില്‍ കൊട്ടിപ്പാടാനുപയോഗിക്കുന്ന പ്രധാന വാദ്യോപകരണമാണ് അരിപ്പറ. കൂടോത്രത്തിലും മന്ത്രവാദത്തിലും വിശ്വാസം പുലര്‍ത്തിയവരായിരുന്നു അധികം പേരും. പ്രഗത്ഭരായ നാട്ടുവൈദ്യന്‍മാര്‍ ചികിത്സാരംഗത്ത് ആധിപത്യം പുലര്‍ത്തി. ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ താമരശ്ശേരിയില്‍ സ്ഥാപിച്ച സര്‍ക്കാര്‍ ആശുപത്രി അയല്‍പ്രദേശക്കാര്‍ക്കും ആശ്രയകേന്ദ്രമായി. പ്രശസ്ത വിഷവൈദ്യനും സ്വാതന്ത്ര്യ സമരസേനാനിയും, ഗാന്ധിയനുമായിരുന്ന പിച്ചനാട്ട് രാമന്റെ അദ്ധ്യക്ഷതയില്‍ 1946-ല്‍ ചേര്‍ന്ന ഒരു സഹൃദയ യോഗമാണ് ഇന്ന് സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന താമരശ്ശേരി പബ്ളിക് ലൈബ്രറിക്ക് തുടക്കം കുറിച്ചത്. പണ്ട് അയിത്ത ജാതിക്കാര്‍ ചായക്കടയില്‍ നിന്നും ചായ കുടിച്ചാല്‍ ഗ്ളാസ് കഴുകികൊടുക്കണമായിരുന്നു. ഇത്തരം അനീതികള്‍ക്കെതിരെ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനാണ് രാഷ്ട്രീയ പ്രവര്‍ത്തകനായ എന്‍.പി.സ്വാമി. ശതാബ്ദിയോടടുത്തു നില്‍ക്കുന്ന താമരശ്ശേരി ഗവ.യു.പി.സ്കൂളാണ് ഇവിടുത്തെ ആദ്യ വിദ്യാലയം. കോഴിക്കോട് കഴിഞ്ഞാല്‍ വയനാട് റോഡിലുള്ള ഏക വിദ്യാലയവും ഇതായിരുന്നു. ഈ കാലത്ത് പള്ളിപ്പുറത്ത് (ഇന്നത്തെ 5-ാം വാര്‍ഡ്) പണിക്കരാശാന്‍ നടത്തിയിരുന്ന ഒരു എഴുത്തുപള്ളിക്കൂടം ഉണ്ടായിരുന്നു. ഈ പള്ളിക്കൂടമാണ് പില്‍ക്കാലത്ത് പള്ളിപ്പുറം എ.എല്‍.പി. സ്കൂളായി മാറിയത്. താമരശ്ശേരി ആഴ്ച ചന്ത പ്രധാന കച്ചവടകേന്ദ്രമായിരുന്നു. കുടിയേറ്റമേഖലയില്‍ നിന്നും കൃഷിക്കാര്‍ ചന്തയിലെത്തി തങ്ങളുടെ ഉല്പന്നങ്ങള്‍ വിറ്റ് ഒരാഴ്ചത്തേക്കുള്ള വിഭവങ്ങളുമായി തിരിച്ചുപോകുമായിരുന്നു. 1945-ല്‍ ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ മലബാറില്‍ അരിക്കും തുണിക്കും റേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ കലാപസമയത്ത് ഈ പ്രദേശം മതസൌഹാര്‍ദ്ദത്തിന് ഉത്തമ മാതൃകയായിരുന്നു. കലാപം ഇവിടെ ബാധിച്ചില്ലെങ്കിലും ഭയപ്പെട്ട ഹിന്ദുക്കള്‍ പലരും വീടൊഴിഞ്ഞു പോയപ്പോള്‍ തങ്ങളുടെ വീടും സ്വത്തുക്കളും മുസ്ളീം സഹോദരങ്ങളെയാണ് സൂക്ഷിക്കാനേല്‍പ്പിച്ചിരുന്നത്. അവര്‍ തിരിച്ചെത്തിയപ്പോള്‍ തങ്ങളുടെ വസ്തുവകകളൊക്കെ സുരക്ഷിതമായി തിരിച്ചുകിട്ടുകയും ചെയ്തു. താമരശ്ശേരിയിലെ പഴയകാലത്തെ പാരമ്പര്യ കുടില്‍ വ്യവസായങ്ങള്‍ എന്നു പറയാവുന്നത് പായ, തലക്കുട, കൊട്ട, വട്ടി തുടങ്ങിയവയുടെ നിര്‍മ്മാണമായിരുന്നു. നാളികേരം വെട്ടി കൊപ്രയാക്കുക, അടക്ക വെട്ടി കളിയടക്കയാക്കുക തുടങ്ങിയവയും മരച്ചക്കില്‍ കൊപ്രയാട്ടി വെളിച്ചെണ്ണ എടുക്കുന്ന ഒരു യൂണിറ്റും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഔപചാരിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പു തന്നെ എഴുത്തു പള്ളിക്കൂടങ്ങളും, ആശാന്‍ കളരികളും, ഗുരുകുല വിദ്യാഭ്യാസരീതികളും ഈ ഗ്രാമപഞ്ചായത്തിന്റെ പൂര്‍വ്വികര്‍ക്ക് അറിവ് നേടാന്‍ ഉപകരിച്ചിട്ടുണ്ട്. ആളുകള്‍ കൂട്ടമായി തലച്ചുമടായും, നിരനിരയായ കാളവണ്ടികളിലും കാര്‍ഷിക ഉല്പന്നങ്ങള്‍ പത്തൊമ്പത് മൈല്‍ അകലെയുള്ള കോഴിക്കോട് വലിയങ്ങാടിയില്‍ എത്തിച്ചിരുന്നു. അക്കാലങ്ങളില്‍ കാടുകളില്‍ നിന്ന് വെട്ടുന്ന തടികള്‍ തിരപ്പ (മരങ്ങള്‍ കൂട്ടിക്കെട്ടി)യായി പുനൂര്‍ പുഴ വഴിയും, കൂടത്തായ് പുഴ വഴിയും മര വ്യവസായത്തിന് പ്രശസ്തിയാര്‍ജ്ജിച്ച കല്ലായിയില്‍ എത്തിച്ചിരുന്നു. റെയില്‍പാത ഈ പഞ്ചായത്തിലില്ലെങ്കിലും മുപ്പത് കി.മീ അകലങ്ങളിലുള്ള കോഴിക്കോട്-കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനുകളെയാണ് ദീര്‍ഘദൂര യാത്രയ്ക്കായി ജനങ്ങള്‍ ആശ്രയിക്കുന്നത്. അക്കാലത്ത് ബസിന്റെ ടിക്കറ്റുകള്‍ നേരത്തെ നല്‍കാറാണ് പതിവ്. അഞ്ച് അണയായിരുന്നു കോഴിക്കോട്ടേയ്ക്കുള്ള ബസുകൂലി. മരക്കാര്‍ ഹാജിയുടെ ലോറിയാണ് ചരക്ക് ഗതാഗതരംഗത്തെ ആദ്യവാഹനം. വടക്കന്‍ പാട്ടിന്റെ ഈരടികളില്‍ സ്ഥാനം ലഭിച്ച പഴയ മലബാറിലെ മലയോര മേഖല ഉള്‍പ്പെടുന്ന പ്രദേശമാണ് താമരശ്ശേരി. തിരുകൊച്ചി പ്രദേശത്തു നിന്നും 1940-കളില്‍ മലയോര മേഖലകളിലേക്കുള്ള കുടിയേറ്റമാണ് ഈ ഗ്രാമത്തിന്റെ മറ്റൊരു സവിശേഷത. സാംസ്ക്കാരിക പൈതൃകത്തിന്റെ പഴയകാല അനുഭവങ്ങള്‍ അയവിറക്കുമ്പോള്‍ മണ്‍മറഞ്ഞുപോയ ഏതാനും വ്യക്തികളാണ് പ്രശസ്ത കഥകളി സംഗീതജ്ഞന്‍ ജയന്തന്‍ നമ്പൂതിരി, ശാസ്ത്രീയ സംഗീതകാരന്‍ മാധവന്‍ നമ്പീശന്‍, ഗായകന്‍ രാമന്‍ നമ്പൂതിരി എന്നിവര്‍. ഗ്രാമീണ ജീവിതത്തിന്റെ കൂട്ടായ്മയുടെ പ്രതീകങ്ങളായിരുന്നു അക്കാലത്തെ വെള്ളരി നാടകങ്ങള്‍. മണ്‍മറഞ്ഞുപോയ ചന്തുക്കുഞ്ഞന്‍, കുമാരന്‍ കുഞ്ഞിരാമന്‍, ഉണ്ണിപ്പെരു ആശാന്‍, ഗോപാലന്‍ നായര്‍, കുട്ടനാശാന്‍, കേളു, രാരു, നാരായണന്‍ നായര്‍, കല്യാണി തുടങ്ങിയവരും ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചവരാണ്.