കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ കൊടുവള്ളി ബ്ളോക്കിലെ രാരോത്ത്, കെടവൂര്‍ വില്ലേജുകള്‍ മുഴുവനും ഈങ്ങാപ്പുഴ, കാന്തലാട് എന്നീ വില്ലേജുകളുടെ ഭാഗങ്ങളും ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തായിരുന്നു താമരശ്ശേരി ഗ്രാമപഞ്ചായത്ത്. 27.17 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കൂരാച്ചുണ്ട്, പുതുപ്പാടി, പൊഴുതന (വയനാട്) പഞ്ചായത്തുകളും, തെക്ക് കട്ടിപ്പാറ, കോടഞ്ചേരി പഞ്ചായത്തുകളും, കിഴക്ക് പുതുപ്പാടി, കോടഞ്ചരി പഞ്ചായത്തുകളും, പടിഞ്ഞാറ് പനങ്ങാട്, കൂരാച്ചുണ്ട്, ഉണ്ണികുളം പഞ്ചായത്തുകളുമാണ്. പ്രകൃതിരമണീയമായ വയനാടന്‍ മലമടക്കുകളിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന മലമ്പാത ഇന്ന് പുതുപ്പാടി പഞ്ചായത്തിലാണെങ്കിലും ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളത് താമരശ്ശേരിചുരം എന്ന പേരിലാണ്. ഇന്നത്തെ പുതുപ്പാടി പഞ്ചായത്ത്, പുനഃസംഘടനക്കു മുമ്പ് താമരശ്ശേരി പഞ്ചായത്തിലായിരുന്നു. മൈസൂര്‍ രാജാവായിരുന്ന ടിപ്പുവിന്റെ പടയോട്ടത്തില്‍ പടയാളികള്‍ താമരശ്ശേരി ചുരമിറങ്ങിയാണ് കോഴിക്കോട്ടെത്തിയത്. 1936-1937 ലാണ് താമരശ്ശേരി പഞ്ചായത്ത് നിലവില്‍ വന്നത്. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ആറ്റക്കോയ തങ്ങളായിരുന്നു. സര്‍വ്വാദരണീയനായിരുന്ന തങ്ങള്‍ 1955 ഒക്ടോബര്‍ 1 ന് പഞ്ചായത്ത് ഓഫീസില്‍ വച്ചുതന്നെയാണ് അന്ത്യശ്വാസം വലിച്ചത്. മരണം വരെ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തു തുടര്‍ന്നു. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനങ്ങള്‍ മിക്കതും ഏകകണ്ഠമായിരുന്നു. അഭിപ്രായ വ്യത്യാസമുണ്ടാവുമ്പോള്‍ കൈ പൊക്കി വോട്ടു രേഖപ്പെടുത്തും. പഴശ്ശി രാജാവിന്റെ കുറിച്യര്‍ പടയുടെ ദേശീയബോധവും, പയ്യമ്പള്ളി ചന്തുവിന്റെ വീരഗാഥകളും, ടിപ്പുവിന്റെ പടയോട്ടവും, മലബാര്‍ ലഹളകാലത്തെ ബ്രിട്ടീഷ് പോലീസിന്റെ കാലൊച്ചകളും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന താമരശ്ശേരി പഞ്ചായത്തിലെ പഴമക്കാരുടെ സ്മൃതിപഥത്തില്‍ നിറഞ്ഞുനില്‍ക്കുന്ന രണ്ടു പാതകളാണ് കോഴിക്കോട്- വൈത്തിരി-ഗൂഢല്ലൂര്‍ റോഡും താമരശ്ശേരി-കണയങ്കോട് റോഡും. അന്ന് കാളവണ്ടിച്ചാലുകള്‍ ആയിരുന്ന കോഴിക്കോട്-വൈത്തിരി റോഡ് കല്ലിട്ട് ടാര്‍ ചെയ്ത് ചുരം വഴി ഗതാഗതം സജീവമായപ്പോള്‍ വാഹനങ്ങളില്‍ നിന്ന് റോഡു നികുതി ഈടാക്കിയിരുന്ന സ്ഥലമാണ് താമരശ്ശേരി ചുങ്കം.
- 706 views